| Article Index |
|---|
| H.H.Mathews II |
| 26-01-2011 |
| 26-01-2011 |
| All Pages |

വിശുദ്ധ ജീവിതത്തിന്റെ ആള്‍രൂപം

2006 ജനുവരി 26-ന് ദൈവസന്നിധിയിലേക്ക് വിളിച്ചുചേര്‍ക്കപ്പെട്ട പ.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ, വിശുദ്ധിയുടെ ആള്‍രൂപമായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷനായിരുന്ന പ.പിതാവ് ദൈവികചൈതന്യത്തിന്റെ സ്രോതസ്സായിരുന്നതിനാല്‍ വിശ്വാസികള്‍ സൂര്യതേജസ്സ് എന്ന് അദ്ദേഹത്തെ നാമകരണം ചെയ്തു. അദ്ദേഹം യുവവൈദികനായിരുന്നപ്പോള്‍ എഞ്ചല്‍ അച്ചന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതും ആ വ്യക്തിത്വത്തിന്റെ സവിശേഷത കൊണ്ടായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു മാത്രമല്ല, നാനാ ജാതി മതസ്ഥര്‍ക്കും അദ്ദേഹം കണ്ണിലുണ്ണിയും വിളക്കുമായിരുന്നു. ബാല്യം മുതല്‍ ദൈവത്തില്‍ അഗാധമായി ആശ്രയിച്ച് ജീവിക്കുവാന്‍ പരിശ്രമിച്ചതിന്റെ പരിണിതഫലമാണ് തേജസ്കരിക്കപ്പെട്ട ആ വ്യക്തിത്വം. നോമ്പ്, പ്രാര്‍ത്ഥന, ധ്യാനം, ജാഗരണം, കുമ്പിടീല്‍ മുതലായ നിഷ്ഠകള്‍ തന്റെ അന്ത്യശ്വാസം വരെ അനുഷ്ഠിച്ച പ.പിതാവ് മലങ്കര സഭാമക്കള്‍ക്ക് എന്നും വലിയ ആവേശവും പ്രചോദനവും ആയിരുന്നു. മലങ്കര സഭയുടെ വളര്‍ച്ചയ്ക്കും വികസനത്തിനുംവേണ്ടി ഒരുപാട് സ്വപ്നങ്ങള്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ലക്ഷ്യബോധം നിര്‍വചിക്കാനാകാത്ത സഹനശക്തി, സ്ഥിരോത്സാഹം തുടങ്ങി ആ പിതാവില്‍ വിളങ്ങിയിരുന്ന ശ്രേഷ്ഠ ഗുണങ്ങളുടെ ഉറവിടം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാജീവിതമായിരുന്നു. സാധാരണക്കാര്‍ക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ സാധ്യമാക്കിത്തീര്‍ക്കുവാനുള്ള ഇച്ഛാശക്തി പ.മാത്യൂസ് ദ്വിതീയന്‍ ബാവയ്ക്കുണ്ടായിരുന്നു. താഴ്മകൊണ്ട് ആരെയും കീഴ്പ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഇപ്പോഴത്തെ നമ്മുടെ പല ദേവാലയങ്ങളും അനുവദിക്കപ്പെട്ടത് അതാത് രാജ്യത്തെ തലവന്മാരെ തിരുമേനി സന്ദര്‍ശിച്ചതിന്റെ ഫലമായിട്ടാണ്. ആദ്യത്തെ കൂടിക്കാഴ്ചയില്‍തന്നെ തിരുമേനിയുടെ ആവശ്യങ്ങള്‍ അനുവദിക്കുവാന്‍ അവര്‍ സ്വയം തീരുമാനിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ദൈവതേജസ്സിന്റെ സുന്ദരമന്ദഹാസം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ പ.പിതാവ് തന്റെ ഇഹലോകജീവിതം അവസാനിപ്പിച്ച് ദൈവസന്നിധിയിലേക്ക് കരേറിയിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. നമുക്ക് മുമ്പേ കടന്നുപോയ വി.പിതാക്കന്മാര്‍ നമുക്ക് നല്ല മാതൃകകള്‍ ശേഷിപ്പിച്ചിട്ടാണ് കടന്നുപോയിരിക്കുന്നത്. അവരുടെ ജീവിതമാതൃക അനുകരിക്കുവാന്‍ നമുക്ക് കടമയുണ്ട്. മാത്രമല്ല, തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ അവര്‍ ഇപ്പോഴും പ.സഭയെ സഹായിക്കുന്നു. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവരുടെ പ്രാര്‍ത്ഥനാസഹായം തേടുവാനും നാം ചുമതലപ്പെട്ടവരാണ്. പ.മാത്യൂസ് ദ്വിതീയന്‍ ബാവയുടെ പ്രാര്‍ത്ഥന നമുക്ക് ഏവര്‍ക്കും കാവലും കോട്ടയുമായിരിക്കട്ടെ.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവാ


