ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്താണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ അമേരിക്കന്‍ നാടുകളിലെ പ്രവാസ ചരിത്രം ആരംഭിച്ചത്.
എങ്കിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്‍പ്പെട്ട എല്ലാ ഇടവകകളും കോര്‍ത്തിണക്കി മലങ്കര സഭയുടെ പ്രത്യേക ഭദ്രാസനമായി രൂപീകൃതമായത് 1979-ലാണ്.പ്രഥമ മെത്രാപ്പോലീത്തയായി ഭാഗ്യ സ്മരണാര്‍ഹനായ ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത നിയോഗിക്കപ്പെട്ടു. എഴുപതുകളില്‍ പ്രമുഖ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഇടവകകള്‍ എണ്‍പതുകളുടെ അവസാന പാദത്തോടെ അമേരിക്കയിലും, കാനഡായിലുമായി അന്‍പതോളം ഇടവകകളും കോണ്‍ഗ്രിഗേഷനുകളുമായി വികസിച്ചു. 1993-ല്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുകയും പിന്നീട് അഭിവന്ദ്യ ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാനഡ-യു.കെ.-യൂറോപ്പ് മെത്രാസനത്തിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു. 2004-ല്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സഹായ മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെട്ടു. 2009-ല്‍ ന്യൂയോര്‍ക്ക് കേന്ദ്രമാക്കി നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ മെത്രാസനവും ടെക്സസ് കേന്ദ്രമാക്കി സൌത്ത്-വെസ്റ് മെത്രാസനവുമായി വിഭജിച്ചു. 1994-ല്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ഒരു ഇടത്തരം ഭവനം വാങ്ങി, മെത്രാസന കേന്ദ്രമായി പരിമിതമായ നിലവില്‍ തുടര്‍ന്നുവെങ്കിലും, നൂറോളം ഇടവകകളെയും വൈദീകരെയും, നിരവധി സംഘടനകളേയും കോര്‍ത്തിണക്കി വിപുലീകൃതമായ പ്രവര്‍ത്തന മേഖല കരുപിടിപ്പിക്കുകയുണ്ടായി. വികസനോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് മെത്രാസന കേന്ദ്രം വിപുലീകരിക്കേണ്ടത് ആവശ്യമായി ബോധ്യപ്പെട്ടു. 2007-ല്‍ ലോംഗ് ഐലന്റിന്റെ ഹൃദയഭാഗത്ത് ഓയിസ്റര്‍ ബേ ടൌണില്‍, മൂന്ന് ഏക്കറോളം സ്ഥലം വാങ്ങുകയും പുതിയ മെത്രാസന കേന്ദ്രത്തിനുള്ള പണികള്‍ ആരംഭിക്കുകയും ചെയ്തു. മെത്രാസന സെക്രട്ടറി ഫാ.കെ.ജി.ഫിലിപ്പോസ്, ഫാ.എം.കെ.കുര്യാക്കോസ്, ഫാ.നൈനാന്‍ . റ്റി.ഈശോ, കോരസണ്‍ വര്‍ഗീസ് (ലേ-ട്രസ്റി), വര്‍ഗീസ് പോത്താനിക്കാട്, തോമസ് വര്‍ഗീസ്, കോശി വൈദ്യന്‍, ഫിലിപ്പ് ഫിലിപ്പോസ് എന്നിവരുടെ പരിശ്രമമാണ് പുതിയ കേന്ദ്രത്തിന് തുടക്കമായത്. പിന്നീട് മെത്രാസന സെക്രട്ടറി ഫാ.ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ വന്ന മെത്രാസന കൌണ്‍സിലിന്റെയും കണ്‍വീനര്‍ ജി.മത്തായി, ലേ-ട്രസ്റി റോയി എണ്ണശേരില്‍, സെക്രട്ടറി ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ബില്‍ഡിംഗ് കമ്മിറ്റിയുടെയും ശ്രമകരമായ അദ്ധ്വാനത്തിലൂടെയാണ് ഈ പദ്ധതി പ്രാവൃത്തികമായത്. മെത്രാസനത്തിലെ വൈദീകരുടെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ആത്മീയ സംഘടനകളുടെയും സഭാമക്കളുടെയും നിര്‍ലേഭമായ സഹകരണം ഈ മഹത്സംരഭത്തിന് കരുത്തേകിയിട്ടുണ്ട്. അഭിവന്ദ്യ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ ദീര്‍ഘ വീക്ഷണവും സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ ക്രിയാത്മകതയും പദ്ധതിക്ക് പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്തു. ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ 87-ാം ജന്മദിനത്തില്‍ അഭികാമ്യമായ ഒരു നേട്ടമാണ് മെത്രാസനം കൈവരിച്ചിരിക്കുന്നത്. നഗരത്തിന്റെ അര്‍ത്ഥശൂന്യതകള്‍ വിട്ട് ഗ്രാമത്തിന്റെ നിര്‍മ്മല പരിവേഷം ചമയിച്ച അനുഗ്രഹീത ഭൂപ്രകൃതിയാണ് മട്ടണ്‍ ടൌണിലുള്ളത്. പ്രമുഖ എയര്‍പോര്‍ട്ടുകളും സര്‍വ്വകലാശാലകളും ആരാധനാലയങ്ങളും അകലെയല്ലാതെ ആരാമത്തിന്റെ പ്രൌഡിയും സനാതനവുമായ ഒരു വശ്യത, ഈ സമുച്ചയം മൂകഭാഷയില്‍ പ്രസരിപ്പിക്കുന്നുണ്ട്. വൃക്ഷലതാദികളുടെ മദ്ധ്യത്തില്‍ നിശ്ശബ്ദമായി നില്‍ക്കുന്ന ഈ ചേതോഹാര മന്ദിരം, ഏവരെയും ഹദാതാകര്‍ഷിക്കും. ശാന്തിയും നൈര്‍മ്മല്യവും തളംകെട്ടി നില്‍ക്കുന്ന ഈ ഏകാന്തതയുടെ അപാരതീരം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ മണ്ണിലെ നേട്ടമാണ്.വടക്കും കിഴക്കുമായി രണ്ടു ഭാഗങ്ങളിലായി ചേര്‍ത്തു നിര്‍ത്തിയ വിശാലമായ സമുച്ചയത്തിന് പതിനാറായിരം ചതുരശ്ര അടിയില്‍ നൂറിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന ചാപ്പല്‍, ബഡ്റൂം സ്വീറ്റുകള്‍, ആറ് ബെഡ്റൂമുകള്‍, തിയേറ്റര്‍, എലിവേറ്റര്‍, പാചകശാലകള്‍, അതിഥി മന്ദിരങ്ങള്‍, വിശാലമായ വരാന്തകള്‍, ലൈബ്രറി, വായന റൂമുകള്‍, കോണ്‍ഫറന്‍സ് മുറികള്‍, ധ്യാന മന്ദിരം ഇവ കൂടാതെ 3600 ശതുരശ്ര അടിയില്‍ വിവിധ സംഘടനകള്‍ക്കുള്ള ഓഫീസ് സൌകര്യങ്ങള്‍, കേന്ദ്ര സെക്രട്ടറിയേറ്റ് സംവിധാനം എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 30ലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സംവിധാനവും 500 ചതുരശ്ര അടി പാതയോടു അഭിമുഖമായ ചുറ്റുപാടും സൌകര്യപ്രദമായ സംവിധാനങ്ങളാണ്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന 15ലധികം യുവാക്കള്‍ സഭാസേവനത്തിനു സന്നദ്ധമായി വന്നത് ഈ മെത്രാസനത്തിന് എടുത്തു പറയാവുന്ന നിരവധി നേട്ടങ്ങളില്‍ ഒന്നാണ്. പുതിയ തലമുറയെ പഴയതുമായി കോര്‍ത്തിണക്കി ലക്ഷ്യത്തിലേക്ക് നയിക്കുവാനുള്ള ശ്രമകരമായ പദ്ധതി വിജയം കണ്ടു എന്നതും ചാരിതാര്‍ത്ഥ്യം നല്‍കുന്നു. സെപ്റ്റംബര്‍ നാലിന് ഈ സമുച്ചയത്തിന്റെ പ്രവേശനോദ്ഘാടനം നടക്കും.

Report : Korason Varghese


