മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും 30ന് കൊടിയേറും

തേവലക്കര: മലങ്കര സഭയിലെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാളിനും കണ്‍വന്‍ഷനും തേവലക്കര ഒരുങ്ങി. Notice 30ന് കൊടിയേറി വചനശുശ്രൂഷ, ധ്യാനം, മൂന്നിന്മേല്‍ കുര്‍ബ്ബാന, റാസ, നേര്‍ച്ചവിളമ്പ്, ക്രിസ്തീയ രക്ഷാകര്‍തൃ പദ്ധതി തുടങ്ങിയവയോടെ ഫെബ്രുവരി എട്ടിന് സമാപിക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരായ സഖറിയാസ് മാര്‍ അന്തോനിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നിവരും പെരുന്നാളിന് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോണ്‍ ടി.വര്‍ഗീസ്, ട്രസ്റി എ.രാജു, സെക്രട്ടറി യേശുദാസന്‍ വൈദ്യന്‍ എന്നിവര്‍ അറിയിച്ചു.
30ന് 3.30ന് പടിഞ്ഞാറ്റക്കര സെന്റ് ഗ്രീഗോറിയോസ് ചാപ്പലില്‍ നിന്നു കൊടിഘോഷയാത്ര ആരംഭിക്കും.ഘോഷയാത്ര കിഴക്കേക്കര ചാപ്പല്‍ വഴി പള്ളിയില്‍ എത്തിച്ചേരും. 5.30ന് ഇടവക വികാരി ഫാ. ജോണ്‍ ടി.വര്‍ഗീസ് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് പെരുന്നാള്‍ ഒരുക്ക ധ്യാനം.
31ന് വൈകിട്ട് ആറിന് ഡോ. എം.കുര്യന്‍ തോമസ് നയിക്കുന്ന പൈതൃകത്തിന്റെ ചിത്രമെഴുത്ത് സഭാചരിത്ര പാഠങ്ങളും ഡോക്യുമെന്ററി പ്രദര്‍ശനവും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും പ്രഭാത നമസ്കാരം, കുര്‍ബ്ബാന, വചനശുശ്രൂഷ, സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ തുടങ്ങിയവ നടക്കും.
ഫെബ്രുവരി രണ്ടിന് ഒന്‍പതിന് തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍, ആറിന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം. മൂന്നിന് 10ന് നടക്കുന്ന ധ്യാനവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ഫാ. ടി.ജെ. ജോഷ്വാ നയിക്കും. നാലിന് രണ്ടിന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാര്‍ ആബോ എവര്‍റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള ക്വിസ് മത്സരം.
അഞ്ചിന് ഏഴിന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന, 9.30ന് ചങ്ങനാശ്ശേരി റൂബിന്‍രാജ് നയിക്കുന്ന സെമിനാറും സ്നേഹവിരുന്നും, 2.30ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം. ഏഴിന് വൈകിട്ട് വിവിധ സ്ഥലങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും പള്ളിയില്‍ എത്തിച്ചേരുന്ന പദയാത്രികര്‍ക്കു സ്വീകരണം. 7.15ന് അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് പെരുന്നാള്‍ സന്ദേശം നല്‍കും. എട്ടിന് ഭക്തിനിര്‍ഭരമായ റാസ.
എട്ടിന് ഏഴിന് പരിശുദ്ധ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, തുടര്‍ന്ന് റാസ. വിദ്യാഭ്യാസ-ചികിത്സ- സഹായ വിതരണം, കൈമുത്ത്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്.
വിവിധ ദിവസങ്ങളിലായി നടക്കുന്ന വചനശുശ്രൂഷയ്ക്ക് ഫാ. കെ.എന്‍.മാത്യു വൈദ്യന്‍, ഫാ. സജി അമയില്‍, എ.കെ. സന്തോഷ് ബേബി, ഫാ. ജോജി കെ.ജോയി, ഫാ. വര്‍ഗീസ് വര്‍ഗീസ് കോട്ടയം എന്നിവര്‍ നേതൃത്വം നല്‍കും.


