Thursday, February 23, 2012
   
Text Size


കുര്‍ബാന അര്‍പ്പിച്ചുവെന്ന വാദം പച്ചക്കള്ളം: കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരിയിലെ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ ശ്രേഷ്ഠ കാതോലിക്കാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു എന്ന വാദം പച്ചക്കള്ളമാണെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കോടതിവിധിയും എറണാകുളം ജില്ലാ അധികൃതരുടെ നിര്‍ദ്ദേശവും തല്‍സ്ഥിതിയും ലംഘിച്ച് തൃക്കുന്നത്ത് സെമിനാരിയില്‍ അനധികൃത കൈയേറ്റത്തിനുള്ള ശ്രമമാണ് യാക്കോബായ വിഭാഗം നടത്തിയത്.
ജില്ലാ ഭരണാധികാരികള്‍ നിര്‍ദ്ദേശിച്ച സമയപരിധി ലംഘിക്കുകയും അനുവദിച്ചിട്ടില്ലാത്ത അംശവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല; കബറിങ്കല്‍ മാത്രമാണ് അവര്‍ പ്രവേശിച്ചത്. വ്യാജ പ്രചാരണം നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണിത്. യാക്കോബായ ശ്രേഷ്ഠ കാതോലിക്കാ അവകാശപ്പെടുന്നതുപോലെ 12 മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഒരു കുര്‍ബാനക്രമവും സുറിയാനി ക്രമത്തിലില്ല.
എറണാകുളം ജില്ലയില്‍ പല പള്ളികളിലും ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ ആക്രമണം അഴിച്ചുവിട്ട് പള്ളികള്‍ പൂട്ടിക്കാനുള്ള നീക്കമാണ് യാക്കോബായ വിഭാഗം നടത്തുന്നത്. വഴിയിലും പോലീസ് സ്റ്റേഷനിലും പ്രാര്‍ത്ഥനായജ്ഞമെന്ന പേരില്‍ സമരങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കാതോലിക്കാബാവാ ആവശ്യപ്പെട്ടു.