Friday, May 18, 2012
   
Text Size


ബാവാമാരുടെ ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം: ദേവലോകം അരമനയില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്നീ കാതോലിക്ക ബാവാമാരുടെ ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു.

രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കുരിശിങ്കലേക്ക് റാസ, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ച എന്നിവ നടന്നു.
ഇന്നലെ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ ഇടവകയായ കുറിച്ചി വലിയ പള്ളിയില്‍ നിന്ന് തീര്‍ത്ഥാടകര്‍ പദയാത്രയായി എത്തി. തീര്‍ത്ഥയാത്ര മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ ഫാ. ലൈജു മാര്‍ക്കോസ്, ഫാ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോടിമതയില്‍ വരവേല്‍പ്പ്  നല്‍കി. പൌലോസ് മാര്‍ പക്കോമിയോസ്, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍, സതീഷ് ഏബ്രഹാം പടിഞ്ഞാറേക്കര എന്നിവര്‍ ബാവാമാരുടെ ചിത്രത്തിന് ഹാരം അണിയിച്ചു.
കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തില്‍ നിന്നുള്ള വിശ്വാസികളുമായി ചേര്‍ന്ന് എത്തിയ തീര്‍ത്ഥയാത്രയെ മലയാള മനോരമ ജംക്ഷനില്‍ മലയാള മനോരമ ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് വര്‍ഗീസും, ബസേലിയോസ് കോളജ് കവാടത്തില്‍ പ്രിന്‍സിപ്പല്‍ ജേക്കബ് കുര്യന്‍ ഓണാട്ടും ഹാരം അണിയിച്ചു.
ഏലിയാ കത്തീഡ്രലില്‍ എത്തിയപ്പോള്‍ അവിടെ നിന്നുള്ള റാസയുമായി ചേര്‍ന്ന് ദേവലോകത്തേക്ക് നീങ്ങി. അരമന കവാടത്തില്‍ മാനേജര്‍ ഫാ. എം.കെ. കുര്യന്‍ സ്വീകരിച്ചു. തുടര്‍ന്ന് കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കി.