
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ അഞ്ചാമത് ഗള്‍ഫ് മേഖലാ സമ്മേളനം സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് തോമസ് നഗറില്‍ (സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍) നടക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് പ്രസ്ഥാനം പ്രസിഡന്റ് അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത
കോട്ടയത്ത് വച്ചു നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു. സമാധാനത്തിന്റെ വൈരുദ്ധ്യാത്മകത എന്നതാണ് മുഖ്യ ചിന്താവിഷയം. ഇന്ത്യയ്ക്ക് പുറത്ത് യുവജനപ്രസ്ഥാനത്തിന്റെ മാത്രമല്ല, മലങ്കര ഓര്‍ത്തഡോക്സ് സഭ നടത്തുന്ന ഏറ്റവും വലിയ സമ്മേളനമാണ് ഇത്. പ്രസ്ഥാനത്തിന്റെ പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന ഈ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിവിധ മേഖലകളില്‍ ആയിരിക്കുന്ന യുവാക്കളെ ഒരുമിപ്പിക്കുവാനും ആശയവിനിമയം നടത്തുവാനും സഭയുടെ ഭാവിനേതൃത്വം ഏറ്റെടുക്കുവാന്‍ യുവാക്കളെ സജ്ജമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നിലനില്‍ക്കുവാന്‍ വേണ്ടി ഉണരുക, നമുക്ക് ഒരു ഭൂമി മാത്രം എന്ന സന്ദേശമുയര്‍ത്തി കത്തെഴുത്ത്, ഹൃസ്വചിത്രനിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തും. യു.എ.ഇ.യില്‍ സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണവിഭാഗവുമായി ചേര്‍ന്ന് വൃക്ഷത്തൈ നടീല്‍, മൊബൈല്‍ റീ-സൈക്ളിംഗ്, പഠനക്ളാസ്സുകള്‍ എന്നിവ സംഘടിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി വെട്ടിക്കല്‍ ദയറ, ഇടമുളയ്ക്കല്‍ (തിരുവനന്തപുരം ഭദ്രാസനം), ഡല്‍ഹി എന്നിവിടങ്ങളില്‍ മേഖലാ സമ്മേളനം നടത്തി. ഇതിന്റെ തുടര്‍ച്ചയായി ആഗസ്റ് 7-ന് പരുമല സെമിനാരിയില്‍വച്ച് അഖില മലങ്കര ക്വിസ് മത്സരം നടത്തി. അഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ 18 ടീമുകളെ പിന്നിലാക്കിക്കൊണ്ട് തുമ്പമണ്‍ ഭദ്രാസനത്തിലെ ബിന്‍സിബാബുവും, ജോബ് സാം മാത്യുവും വിജയിച്ചു. ഇവര്‍ക്ക് അഞ്ചു ദിവസത്തെ അബുദാബി സന്ദര്‍ശനവും 20,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയുമാണ് സമ്മാനം. ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മേളനത്തില്‍വച്ച് നല്‍കുന്നതായിരിക്കും. ഈ സമ്മേളനത്തിന്റെ പ്രത്യേകത ഓര്‍ത്തഡോക്സ് സഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്ന ആദ്യത്തെ സമ്മേളനം എന്നതാണ്. പൂര്‍ണ്ണമായി പ്ളാസ്റിക്ക് ഉല്‍പ്പന്നങ്ങള്‍, ടിഷ്യൂ പേപ്പര്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് റീ-സൈക്കിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ഉപയോഗിക്കുക. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുവാന്‍ ടാപ്പുകളില്‍ വാട്ടര്‍ സേവര്‍ ഘടിപ്പിക്കും. ഊര്‍ജ്ജസംരക്ഷണത്തിനുള്ള ഉപകരണങ്ങളും സമ്മേളന നഗറില്‍ പ്രവര്‍ത്തിപ്പിക്കും.
9-ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യാതിഥി യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസര്‍ ലോകേഷ് മൈസൂര്‍ കപനായി ആയിരിക്കും. 11-ന് വൈകുന്നേരം 3.30-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ സമദ് സമദാനി മുഖ്യാതിഥിയായിരിക്കും. ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത, റവ.ഫാ. ഡോ. ജേക്കബ് കുര്യന്‍ (വൈസ് പ്രിന്‍സിപ്പല്‍, വൈദിക സെമിനാരി കോട്ടയം), വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍, സെക്രട്ടറി ഫാ. സ്റീഫന്‍ വര്‍ഗീസ്, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ക്ളാസ്സുകളും സെമിനാറുകളും നയിക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമായി 600-ല്‍പരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. കൂടാതെ സമാപന സമ്മേളനത്തില്‍ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായി വരുന്നത്. സമ്മേളന പതാകാ പ്രചാരണ യാത്ര യു.എ.ഇ.യിലെ എല്ലാ പള്ളികളും സന്ദര്‍ശിച്ച് അബുദാബിയില്‍ എത്തിച്ചേര്‍ന്നു. അബുദാബി സര്‍ക്കാര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് 1970-ല്‍ നിര്‍മ്മിച്ച അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് അബുദാബി മുന്‍ ഭരണാധികാരിയും പ്രഥമ പ്രസിഡന്റുമായിരുന്ന അന്തരിച്ച ഷെയ്ക്ക് സായിദ് ബില്‍ സുല്‍ത്താന്‍ അല്‍ നഹിയാനാണ്. യു.എ.ഇ.യുടെ തലസ്ഥാന നഗരിയില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം ഗള്‍ഫ് മേഖലയിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണ്. ഗള്‍ഫിലെ ആദ്യത്തെ കത്തീഡ്രല്‍ എന്ന ബഹുമതിയും ഈ പള്ളിക്കാണ്. അബുദാബി യുവജനപ്രസ്ഥാനത്തിന് ഈ വര്‍ഷത്തെ ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും മികച്ച യൂണിറ്റിനുള്ള പ്രസിഡന്റ്സ് അവാര്‍ഡും, യു.എ.ഇ. തലത്തിലുള്ള മെട്രോപ്പോലീത്തന്‍ അവാര്‍ഡും ലഭിച്ചു. പ. കാതോലിക്കാ ബാവ ദിദിമോസ് പ്രഥമന്‍ മുഖ്യരക്ഷാധികാരിയും ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്ത രക്ഷാധികാരിയും അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലിത്ത പ്രസിഡന്റും അബുദാബി ഇടവക വികാരി റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍ ചെയര്‍മാനുമായി 125 അംഗ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നല്‍കുന്നു.
ഫാ. ജേക്കബ് മാത്യു ചന്ദ്രത്തില്‍ (വൈ.പ്രസിഡന്റ്), ഫാ. സ്റീഫന്‍ വര്‍ഗീസ്(സെക്രട്ടറി), ഉമ്മന്‍ ജോണ്‍ (ട്രഷറാര്‍), റജി മാത്യു (മീഡിയ കണ്‍വീനര്‍, ഗള്‍ഫ് മേഖലാ സമ്മേളനം)എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



